ലോക കേരള സഭ (എല്‍.കെ.എസ്‌)

പ്രവാസി കേരളീയരുടെ സാംസ്‌കാരിക, സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക സംയോജനത്തിനുള്ള വഴി

LKS 2020 ഏറ്റവും പുതിയ വാര്‍ത്ത

പ്രവാസികളുടെ പുനരധിവാസത്തിനും വികസനത്തിനും ഡ്രീം കേരള പദ്ധതി

സ്വദേശത്തേക്കു മടങ്ങാനുള്ള ചാര്‍റ്റേഡ് വിമാനങ്ങള്‍ക്ക് പുതുക്കിയ മാനദണ്ഡം (എസ്.ഒ.പി.)

കോവിഡ് 19 - പ്രവാസികള്‍ക്കുള്ള നോര്‍ക്ക സേവനങ്ങള്‍

പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലോക കേരള സഭ ആംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

   

 

കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.

വിദേശരാജ്യങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമന്ന് പ്രവാസി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഈ വിഷയം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

കൊറോണ ബാധ ലോകത്താകെ സ്തംഭനമാണ് ഉണ്ടാക്കിയത്. ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളികള്‍ക്ക് നിരവധി സവിശേഷമായ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളി സമൂഹം ശ്രദ്ധയില്‍പെടുത്തിയ ഒരു വിഷയം സ്കൂളുകള്‍ അടഞ്ഞുകിടക്കുമ്പോഴും വലിയ തുക ഫീസായി കൊടുക്കേണ്ടി വരുന്നുവെന്നതാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാനേജ്മെന്‍റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യര്‍ത്ഥന കോണ്‍ഫറന്‍സിലുണ്ടായി. ആ വിഷയം പ്രത്യേകം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. സ്കൂള്‍ അധികൃതരോട് പൊതുഅഭ്യര്‍ത്ഥന നടത്തുകയും കേന്ദ്രസര്‍ക്കാര്‍ വഴി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിയന്ത്രണം കഴിയുന്നതുവരെ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരുകയാണ് വേണ്ടത്. അത് കഴിഞ്ഞാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും.

കോവിഡ് ബാധിച്ചതല്ലാത്ത മരണങ്ങള്‍ നടന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തടസ്സമില്ല. കുടുംബത്തിന് പണം ആവശ്യമുണ്ടെങ്കിലും പ്രവാസികള്‍ക്ക് പണം അയക്കാനാവാത്ത പ്രശ്നമുണ്ട്. ഈടില്ലാതെ, പിന്നീട് പ്രവാസികള്‍ തിരിച്ചടക്കുന്ന രീതിയില്‍, പ്രവാസികളുടെ കുടുംബത്തിന് വായ്പ കൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം എസ്.എല്‍.ബി.സിയുടെ ശ്രദ്ധിയില്‍ പ്പെടുത്തി ആവശ്യമായ നടപടിയെടുക്കും. തിരിച്ചടവ് മുടങ്ങിയ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴ ഒഴിവാക്കി കൊടുക്കും. ലോക കേരള സഭ അംഗങ്ങള്‍ക്കും ക്ഷണിതാക്കള്‍ക്കും ഓണ്‍ലൈന്‍ വഴി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കാര്യങ്ങളില്‍ പരിശീലനം നല്‍കും. പ്രവാസികളുടെ ഡാറ്റ ശേഖരിക്കാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തും. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ ആശങ്ക വളരെ വലുതാണ്. അവരുടെ പുനരധിവാസത്തിന് ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഓരോ രാജ്യത്തുമുള്ള സംഘടനകള്‍ ഒന്നിച്ച് ഈ ദുര്‍ഘട സന്ധിയില്‍ നിന്ന് എങ്ങനെ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനാകും എന്ന കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ കാര്യത്തില്‍ എപ്പോഴും നാടിന് പ്രത്യേക കരുതലുണ്ട്. കേരളത്തില്‍ രോഗബാധിതരായവര്‍ മഹാഭൂരിഭാഗവും പ്രവാസികളാണ്. ഈ സാഹചര്യത്തില്‍ ചില കേന്ദ്രങ്ങളില്‍ പ്രവാസികളോട് തെറ്റായ സമീപനം സ്വീകരിക്കുന്നത് മനസ്സിലാക്കിയ ഉടന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് രോഗബാധിതരായത് അവരുടെ കുറ്റം കൊണ്ടല്ല. അവര്‍ക്കെപ്പോഴും വരാനുള്ള സ്ഥലമാണ് നമ്മുടെ നാട്. ഈ നാടിന്‍റെ പ്രത്യേകതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പ്രവാസികള്‍ വഹിച്ചിട്ടുള്ള പങ്ക് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇതൊക്കെ പൊതുവെ വ്യക്തമാക്കിയ കാര്യങ്ങളാണ്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ ഗൗരവമായി തന്നെ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. രോഗികളായിട്ടുള്ളവരും രോഗം സംശയിക്കുന്നവരും നേരിടുന്ന പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രിക്കും മറ്റും ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചു കത്തയിച്ചിട്ടുണ്ട്. നോര്‍ക്ക വഴി ഫലപ്രദമായി ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. നോര്‍ക്കയുടെ ഹെല്‍പ്പ്ലൈനില്‍ വിളിക്കുന്നതിന് ശങ്കിക്കേണ്ടതില്ല.

ചില വിദേശ രാജ്യങ്ങളില്‍ ബാച്ചിലേഴ്സ് അക്കമോഡേഷനുകളിലും ലേബര്‍ ക്യാമ്പുകളിലും ഒന്നിച്ചുകഴിയുന്നവരില്‍ ആര്‍ക്കെങ്കിലും അസുഖം വരികയോ അസുഖസംശയം വരികയോ ചെയ്താല്‍ അവര്‍ക്ക് ക്വാറന്‍റൈനില്‍ പോകാന്‍ പ്രത്യേക മുറിയോ മറ്റ് സൗകര്യമോ ഇല്ലാത്ത അവസ്ഥയുണ്ട്. ഓരോ പ്രദേശത്തുമുള്ള സംഘടനകള്‍, ലോകകേരള സഭയുടെ അംഗങ്ങള്‍, ഇവരെല്ലാം കൂടിയുള്ള പൊതുവായ ആലോചന ഇക്കാര്യത്തില്‍ നടത്തുന്നത് നല്ലതാണ്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ അവരെ താമസിപ്പിക്കാനുള്ള സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കാനാകണം. രോഗിയായി ആശുപത്രിയിലായവരുടെ കാര്യങ്ങളില്‍ തുടരന്വേഷണത്തിനും കൂട്ടായ്മ വേണം. ഇക്കാര്യത്തില്‍ ആവശ്യമായ കാര്യങ്ങള്‍ നോര്‍ക്കയുമായി പങ്കുവെക്കാവുന്നതാണ്.

നമ്മുടെ സഹോദരങ്ങളില്‍ പുറത്തുപോയി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലബോറട്ടറി ജീവനക്കാര്‍, ഫാര്‍മസിസ്റ്റുകള്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ ജീവനക്കാര്‍, മാലിന്യസംസ്കരണത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയ ജീവനക്കാര്‍ ഓരോ സ്ഥലത്തും ജോലി ചെയ്യുന്നുണ്ട്. അത്തരക്കാരുടെ സുരക്ഷ ഈ ഘട്ടത്തില്‍ വളരെ പ്രധാനമാണ്. ഈ വിഭാഗമെല്ലാം നമ്മുടെ നാടിന്‍റെ അഭിമാനമാണ്. പലയിടത്തും വ്യക്തിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട് എന്നറിയുന്നു. സാനിറ്റൈസര്‍, മാസ്ക്ക്, മറ്റു സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ അവിടത്തെ സംഘടനകള്‍ ശ്രദ്ധിക്കണം.

ഇതോടൊപ്പം സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കമ്മ്യൂണിക്കേഷന്‍ രംഗം, ഭക്ഷണം വീടുകളില്‍ എത്തിച്ചുകൊടുക്കുന്നവര്‍, ഫാര്‍മസി, മാധ്യമ രംഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. കേരളത്തില്‍ നമുക്കാവശ്യമായ സന്നദ്ധസേന രൂപീകരിച്ചു കഴിഞ്ഞു. അതേപോലെ പ്രവാസി സംഘടകള്‍ കൂടിച്ചേര്‍ന്ന് ഈ ഘട്ടത്തില്‍ എങ്ങനെ ഇടപെടാനാകും എന്നതിന് ഒരു പ്രവര്‍ത്തന പദ്ധതിക്ക് അവിടത്തെ സ്ഥിതി വെച്ച് രൂപം നല്‍കുന്ന കാര്യം ആലോചിക്കണം.

ഇത് വലിയൊരു ദുര്‍ഘടഘട്ടം തന്നെയാണ്. നാം പല പ്രതിസന്ധികളും വിജയകരമായി തരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഘട്ടവും നമുക്ക് നല്ല നിലയില്‍ തരണം ചെയ്യാനാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. എല്ലാ കാര്യത്തിലും പങ്കാളികളായി നിന്നവരാണ് നിങ്ങള്‍. ആ അനുഭവം നിങ്ങള്‍ക്കുണ്ട്. അതുകൊണ്ട് ഈ വെല്ലുവിളിയെ നേരിടുന്ന കാര്യത്തില്‍ അതത് സ്ഥലത്ത് നല്ല നിലയ്ക്കുള്ള പങ്കാളിത്തം വഹിക്കണം.

കോവിഡ് പ്രതിരോധത്തിനായുള്ള ഒരു ടാസ്ക് ഫോഴ്സ് അതത് സ്ഥലത്തെ പ്രായോഗികതയ്ക്കുനുസരിച്ച് രൂപീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം.

ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ടാസ്ക് ഫോഴ്സിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റുള്ളവര്‍ ഇവരുടെ പ്രദേശങ്ങള്‍ തിരിച്ചുള്ള ഒരു സമഗ്ര ഡാറ്റാബാങ്ക് തയ്യാറാനാകുമോ എന്ന കാര്യം പരിശോധിക്കണം. കോമണ്‍ ഡാറ്റാ ഫോര്‍മാറ്റ് നോര്‍ക്ക് വെബ്സൈറ്റില്‍ കൊടുക്കുന്നുണ്ട്. അതില്‍ ഈ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ഓരോ പ്രദേശത്തുമുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാനാകണം. എന്നാല്‍ ചില രാജ്യങ്ങളില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ പ്രശ്നമുണ്ട്. അതിനു വിരുദ്ധമായി പോകാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം. അതോടൊപ്പം പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിസ പുതുക്കല്‍, തൊഴില്‍ദാതാവില്‍ നിന്നുള്ള സമാശ്വാസ സഹായം എന്നീ കാര്യങ്ങളില്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ വ്യാപകമായി ഇടപെടണം. ഇക്കാര്യത്തില്‍ മറ്റെല്ലാം മറന്ന് സംഘടകള്‍ കൂട്ടായി നിന്ന് കാര്യങ്ങള്‍ നീക്കണം.

ലോക കേരള സഭ സാഹിത്യ മത്സര വിജയികള്‍

ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം - മുഖ്യമന്ത്രിയുടെ പ്രസംഗം

 

'ലോക കേരള സഭ' യുടെ രണ്ടാം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതെത്തിയതില്‍ പ്രവാസികളുടെ സംഭാവനകള്‍ വഹിച്ച പങ്ക്‌ വലുതാണെന്ന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനം കനകക്കുന്നില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

27 രാജ്യങ്ങളില്‍ നിന്നായി 500 ലേറെ പേര്‍ പങ്കെടുത്ത ഒന്നാം സമ്മേളനത്തിന്റെ ഭാഗമായി ഏഴു കമ്മിറ്റികള്‍ രൂപീകരിച്ച്‌ സര്‍ക്കാരിന്‌ ശുപാര്‍ശകള്‍ നല്‍കിയെന്നത്‌ വളരെ അഭിനന്ദനാര്‍ഹമാണെന്ന്‌ ഗവര്‍ണര്‍ പറഞ്ഞു. ഈ ശുപാര്‍ശകളിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ പ്രവാസികളില്‍ വലിയ വിശ്വാസമാണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്നും അതിന്‌ തെളിവാണ്‌ രണ്ടാം സമ്മേളനത്തിലെ വര്‍ദ്ധിച്ച പങ്കാളിത്തമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ പങ്കാളിത്തം സംസ്ഥാനത്തിന്റെ വികസനത്തിന്‌ ഉറപ്പാക്കുന്നതിനും ലോക കേരള സഭ അവസരം ഉണ്ടാക്കുന്നു എന്നതാണ്‌ ഏറ്റവും ശ്രദ്ധേയമെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തവും ഉറപ്പു വരുത്തുന്നതോടെ വികസന പ്രക്രിയയില്‍ അത്‌ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.

നമ്മുടെ ആളുകള്‍ വിദേശ രാജ്യങ്ങളില്‍ നേരിടുന്ന നിയമപരവും, തൊഴില്‍പരവും, മനുഷ്യാവകാശം സംബന്ധിച്ചുമുള്ള വിവിധ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കാനുള്ള സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ സഹായിക്കാന്‍ ലോക കേരള സഭയ്‌ക്കു കഴിയുമെന്നും ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷനായിരുന്നു. നിരവധി മാതൃകകള്‍ ലോകത്തിന്‌ സംഭാവന ചെയ്‌ത കേരളം, ലോക കേരള സഭയ്‌ക്ക്‌ രൂപം കൊടുത്തു കൊണ്ട്‌ മറ്റൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുകയാണെന്ന്‌ ചടങ്ങില്‍ മുഖ്യപ്രസംഗം നടത്തിയ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. ഇതൊരു നിക്ഷേപ സംഗമമോ, നിക്ഷേപ കൂട്ടായ്‌മയോ അല്ല, മറിച്ച്‌ യാതന അനുഭവിക്കുന്നവര്‍ മുതല്‍ വലിയ നിക്ഷേപകരും സംരംഭകരും വരെ അടങ്ങിയ വൈവിദ്ധ്യമാണെന്നും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കൃഷ്‌ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, എം.എ.യൂസഫലി, രവി പിള്ള, ഡോ. എം. അനിരുദ്ധന്‍, ആസാദ്‌ മൂപ്പന്‍, മേതില്‍ രേണുക തുടങ്ങിയവര്‍ സംസാരിച്ചു. മേയര്‍ കെ. ശ്രീകുമാര്‍, വി.കെ. പ്രശാന്ത്‌ എം.എല്‍.എ., നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, റിട്ടയേര്‍ഡ്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉദ്‌ഘാടനത്തിനു ശേഷം കവി പ്രഭാവര്‍മ്മ രചിച്ച്‌, ശരത്‌ ഈണം പകര്‍ന്ന്‌ ആശ ശരത്‌ അവതരിപ്പിച്ച മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരമുണ്ടായിരുന്നു. തുടര്‍ന്ന്‌ സൂര്യ കൃഷ്‌ണമൂര്‍ത്തി ചിട്ടപ്പെടുത്തിയ അഗ്നി മെഗാ ഷോ അരങ്ങേറി.

 

ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികള്‍ ലോക കേരള സഭ ചര്‍ച്ച ചെയ്യും - മുഖ്യമന്ത്രി പിണറായി വിജയന്‍

ഇപ്പോഴത്തെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളും ലോക കേരള സഭ ചര്‍ച്ച ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന്‌ സ്വീകരിക്കേണ്ട നടപടികള്‍, പ്രവാസികളുടെ തൊഴില്‍ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്കുമുള്ള പ്രോത്സാഹനം, പ്രവാസി ചിട്ടി, ഡിവിഡന്റ്‌ ബോണ്ട്‌ തുടങ്ങിയ ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളുടെ ചര്‍ച്ചാ വേദിയാകും സഭയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ നിയമമാകില്ല എന്ന്‌ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും കേരള നിയമസഭ ചര്‍ച്ച ചെയ്യേണ്ട ഒരു ബില്ലിന്റെ പ്രാഥമിക രൂപം ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ചര്‍ച്ച ചെയ്‌ത ശേഷം അത്‌ പരിഗണനയ്‌ക്കായി എത്തുമ്പോള്‍ സംസ്ഥാന നിയമസഭയ്‌ക്ക്‌ അത്‌ അതേപടി സ്വീകരിക്കാനോ മെച്ചപ്പെടുത്താനോ കൂട്ടിച്ചേര്‍ക്കാനോ മാറ്റം വരുത്താനോ അവകാശമുണ്ടായിരിക്കുമെന്ന്‌ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ലോകത്തുള്ള കേരളീയരെ കേരളവുമായും കേരളത്തെ അവരുമായും ഒരുമിച്ച്‌ ചേര്‍ത്ത്‌ നിര്‍ത്തുന്ന വേദിയാണ്‌ ലോക കേരള സഭ. ഭാവി കേരളം എന്താകണം എന്ന കാര്യത്തില്‍ വ്യക്തമായ കാഴ്‌ചപ്പാടുള്ളവരാണ്‌ പ്രവാസി സമൂഹം. അത്തരം കാഴ്‌ചപ്പാടുകള്‍ പങ്കു വെയ്‌ക്കാനുള്ള ഒരു വേദി ഇതേവരെ ഉണ്ടായിരുന്നില്ല. ആ പോരായ്‌മയാണ്‌ പരിഹൃതമായിരിക്കുന്നത്‌. പ്രവാസികളുടെയും കേരള സമൂഹത്തിന്റെയും പരസ്‌പര ബന്ധത്തില്‍ ഇപ്പോള്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. പ്രവാസികള്‍ക്ക്‌ ഇപ്പോള്‍ സര്‍ക്കാര്‍ ഗ്യാരന്റിയോടെ ധനനിക്ഷേപം നടത്താം. അത്‌ ഏതു മേഖലയില്‍ വേണമെന്നും അവര്‍ക്ക്‌ തന്നെ തീരുമാനിക്കാം. ഇത്തരം പദ്ധതികളുടെ നടത്തിപ്പ്‌ പുരോഗതി എവിടെ വരെയായി എന്ന്‌ അവര്‍ക്ക്‌ നേരിട്ട്‌ വിലയിരുത്താനുമുള്ള അവസരമുണ്ട്‌. കേരള വികസനത്തില്‍ മുമ്പെന്നെത്തേക്കാളും കൂടുതല്‍ സജീവമായി പങ്കെടുക്കാനുള്ള സാഹചര്യമാണ്‌ ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വസന്തോത്സവം 2020

രണ്ടാം ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന്റെ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 2020 ജനുവരി 5 വരെയാണ് കനകക്കുന്നിലും സൂര്യകാന്തിയിലുമായി വസന്തോത്സവം നടക്കുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെയാണ് പ്രവേശനം. കേരള വിനോദ സഞ്ചാര വകുപ്പിന്റെയും തിരുവനന്തപുരം ഡി.റ്റി.പി.സി.യുടെയും ആഭിമുഖ്യത്തില്‍ ആണ് തലസ്ഥാന നഗരിക്ക് പൂക്കാലമൊരുക്കി വസന്തോത്സവം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും പുഷ്പമേള, കാര്‍ഷിക പ്രദര്‍ശന മേള, ഔഷധ-അപൂര്‍വ്വ സസ്യപ്രദര്‍ശനം, ഉത്പന്ന വിപണന മേള, ഗോത്ര പാരമ്പര്യ പ്രകൃതി ചികിത്സാ ക്യാമ്പ്, ഗോത്ര ഭക്ഷ്യ മേള എന്നിവ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

പൂന്തോട്ടങ്ങളുടെ നഗരിയായ ബാംഗ്ലൂരില്‍ നിന്നും ഏതാണ്ട് 20,000-ഓളം ചെടികളാണ് ഇത്തവണ പ്രദര്‍ശനത്തിനായി എത്തുന്നത്. ഇത്തവണത്തെ ഏറ്റവും വലിയ ആകര്‍ഷണം ബാംഗ്ലൂരില്‍ നിന്നും ഉള്ള പുഷ്പാലങ്കാര വിദഗ്ധര്‍ ഒരുക്കുന്ന സബര്‍മതി ആശ്രമത്തിന്റെയും ജടായു പാര്‍ക്കിന്റെയും മാതൃകയിലുള്ള പുഷ്പാലംകൃത രൂപങ്ങളായിരിക്കും.

ടൂറിസം വകുപ്പിനെ കൂടാതെ വനം വകുപ്പ്, കൃഷി വകുപ്പ് തുടങ്ങി മറ്റു വകുപ്പുകളും, ഏജന്‍സികളും, സ്വകാര്യ സ്ഥാപനങ്ങളും പ്രദര്‍ശന സ്റ്റാളുകളുമായി വസന്തോത്സവത്തില്‍ പങ്ക് ചേരുന്നുണ്ട്.

 

ദുബായില്‍ സംഘടിപ്പിച്ച പ്രവാസി സംരംഭകരുടെ യോഗത്തില്‍ കേരളത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ്‌ കേരളത്തിലേക്ക്‌ നിക്ഷേപം ആകര്‍ഷിക്കാന്‍ സംരംഭകരുടെ യോഗം വിളിച്ചത്‌.
പ്രവാസി വ്യവസായികള്‍ കേരളത്തിന്റെ നിക്ഷേപം നടത്താന്‍ വലിയതോതിലുള്ള സന്നദ്ധതയാണ്‌ അറിയിച്ചതെന്ന്‌ യോഗത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപകസംഗമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡി.പി. വേള്‍ഡ്‌ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഷിപ്പിങ്‌ ആന്റ്‌ ലോജിസ്റ്റിക്‌ മേഖലയിലായിരിക്കും പ്രധാന നിക്ഷേപം. ലുലു ഗ്രൂപ്പ്‌ 1,500 കോടി രൂപ ചില്ലറ വില്‍പ്പന മേഖലയിലും ആര്‍.പി. ഗ്രൂപ്പ്‌ ആയിരം കോടി രൂപ ടൂറിസം മേഖലയിലും ആംസ്റ്റര്‍ ഗ്രൂപ്പ്‌ 500 കോടി രൂപ ആരോഗ്യമേഖലയിലും നിക്ഷേപിക്കും. മറ്റു ചെറുകിട സംരംഭകരുടെ നിക്ഷേപ വാഗ്‌ദാനം 3,500 കോടി രൂപയാണ്‌. കൊച്ചിയിലെ ആഗോള നിക്ഷേപക സംഗമത്തില്‍ ധാരണപത്രം ഒപ്പിടുമെന്ന്‌ ഡി.പി. വേള്‍ഡ്‌ വൈസ്‌ പ്രസിഡന്റ്‌ ഉമര്‍ അല്‍മൊഹൈരി അറിയിച്ചു.
സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക റൂട്‌സ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായ വാണിജ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, ഡോ. രവി പിള്ള, ഡോ. ആസാദ്‌ മൂപ്പന്‍, ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

നോര്‍ക്ക റൂട്‌സ്‌

നോര്‍ക്ക സെന്റര്‍, തൈക്കാട്‌, തിരുവനന്തപുരം- 695014
1800 425 3939 | 0091 471 2330339 | 9446303339 | 9446423339
www.norkaroots.net 2020lokakeralasabha@gmail.com