ലോക കേരള സഭ

സാക്ഷ്യപത്രങ്ങൾ

ശ്രീ പിണറായി വിജയൻ

സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ലോകത്താകെത്തന്നെയും കേരളം വളരുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിക്കഴിഞ്ഞിരിക്കുന്ന ഒരു സംസ്ക്കാരമായി നമ്മുടെ കേരളീയത ഇന്നു വളർന്നിരിക്കുന്നു. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും, കേരള സംസ്കാരത്തിന്റെ  പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.

ശ്രീ രമേശ് ചെന്നിത്തല

കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയെന്നോണം രൂപീകരിക്കുന്ന ലോക കേരള സഭ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും ചർച്ച ചെയ്യാനും, അവയ്ക്കു പരിഹാരം കാണാനും, അതോടൊപ്പം കേരളത്തിന്റെ വികസനത്തിന് പ്രവാസി ലോകത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താനും പറ്റുന്ന നല്ലൊരു വേദിയായിരിക്കുമെന്നു എനിക്ക് ഉറപ്പുണ്ട്. ലോക കേരള സഭയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

ആശാ ശരത്

എപ്പോഴും നാടിനെപ്പറ്റി ചിന്തിക്കുന്നവരും നാടിന്റെ ഓർമ്മകൾ കൂടെകൊണ്ടുപോകുന്നവരുമാണ് പ്രവാസികൾ. കേരളം നമ്മളിൽ നിന്ന് വളരെ ദൂരമാണ് എന്നൊരു തോന്നൽ ഉള്ള കാലം ഉണ്ടായിരുന്നു എന്നാൽ കയ്യെത്തും ദൂരത്തു തന്നെ ആണ് കേരളവും എന്ന വിശ്വാസം ആണ് ലോക കേരള സഭ സമ്മാനിക്കുന്നത്. നൃത്തത്തിനും, സംഗീതത്തിനും പ്രാധാന്യം ഉള്ള കോഴ്‌സുകൾ കൈ കാര്യം ചെയ്യുന്ന ഇന്ത്യൻ യൂണിവേഴ്‌സിറ്റികൾ പുറം രാജ്യങ്ങളിലും ആരംഭിക്കുക എന്ന ഒരു നിർദേശം ആണ് എനിക്ക് വ്യക്തിപരമായി മുന്നോട്ടു വെക്കുന്നത്. ലോക കേരള സഭ എന്ന സംരഭത്തിന് എല്ലാ ആശംസകളും. 

കെ സച്ചിദാനന്ദൻ

കേരളത്തിനു പുറത്തു ജീവിക്കുന്ന ഇന്ത്യന്‍ പൗരരായ മലയാളികള്‍ക്കായി ലോക കേരളസഭ രൂപീകരിക്കുവാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം തികച്ചും സമയോചിതമാണ്. കേരളത്തിന്റെ വികസനത്തില്‍ അവരെ അഭിമാനികളായ പങ്കാളികളാക്കുക , മലയാള ഭാഷയുടെയും കേരള സംസ്കാരത്തിന്റെയും സ്ഥാനപതികളും പ്രചാരകരുമാകാന്‍ അവരെ പ്രേരിപ്പിക്കുക, കേരളവും കേരളീയര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയിലും വിദേശങ്ങളിലുമുള്ള പ്രദേശങ്ങളും തമ്മില്‍ സാംസ്കാരികവിനിമയം വികസിപ്പിക്കുക എന്നിങ്ങിനെ ഒട്ടേറെ കാര്യങ്ങള്‍ക്ക് സാരഥ്യം വഹിക്കാന്‍ ലോക കേരള സഭയ്ക്ക് കഴിയും. 

എം. എ ബേബി

കേരളീയതയിൽ ഊന്നിയ വിശ്വാപ്രാതിനിധ്യത്തിന്റെ ഉത്തമ മാതൃകയാണ് ലോക കേരള സഭ. മാതൃഭാഷ, ജന്മനാട് എന്നിവയോട് സ്നേഹവും ആദരവും നിലനിറുത്തി, ലോക മാനവികത, പ്രവാസം, പ്രയാണം, ലോക സമ്പദ്-രാഷ്ട്രീയ-സാംസ്കാരിക ഘടകങ്ങൾ എന്നിവയെല്ലാം വിവിധ തരത്തിൽ സ്വാംശീകരിച്ചവരാണ് കേരളീയ  പ്രവാസികൾ. നാട്ടിലെ ജനപ്രതിനിധികൾക്കൊപ്പം പ്രവാസി കേരളീയരുടെ പ്രതിനിധികൾ കൂടി ഉൾകൊള്ളുന്ന ലോക കേരള സഭ വളരെയധികം സാധ്യത ഉള്ള ഒരു ജനകീയ സഭ ആയിരിക്കും. പ്രവാസികളുടെ പ്രശ്നങ്ങളെ ശരിയായി അറിയുന്നതിന് കേരള സർക്കാരിന് ഇത് ഒരു നല്ല സാധ്യതയാണ്. ലോക ജനാധിപത്യത്തിന് തന്നെ ഒരു പുതിയ മാതൃക ആയിരിക്കും ലോക കേരള സഭ. 

കെ. എസ് ചിത്ര

ലോക കേരള സഭ ഇന്ത്യൻ ജനാധിപത്യത്തിലെ സുപ്രധാനമായ ഒരു കാൽവെയ്പ്പാണ്. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ഈ സംരഭം ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. ലോക മലയാളിയെ സഹായിക്കുന്ന ഈ ഒരു മാതൃകയ്ക്കു എല്ലാ വിധ ആശംസകളും.

അനുപമ വെങ്കിടേഷ്

കേരളത്തിന്റെ ഒരു സ്ലൈസ് തന്നെയാണ് പുറം നാട്ടുകളിൽ കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന അനേകായിരം മലയാളികൾ. അവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുമുള്ള വിശാലമായ വേദി അനിവാര്യമാണെന്നിരിക്കെയാണ്  ലോക കേരള സഭ എന്ന ആശയം പ്രസക്തമാകുന്നത്.വിദേശത്ത് ജോലിക്ക് ചെന്ന് കാണാതായ എത്ര മലയാളി സ്ത്രീകളുടെ കഥ നമുക്ക് അറിയാം.  നാട്ടിലെ എത്ര സ്ത്രീകളാണ് വിദേശരാജ്യങ്ങളിൽ ജീവൻ പണയം വെച്ചു പോലും ജോലി ചെയ്യുന്നത്. രേഖയിലുളളവർക്കും ഇല്ലാതെ ചിതറി കഴിയുന്നവർക്കും ഒരു കുടക്കീഴിലേക്ക് എത്താമെങ്കിൽ അതായിരിക്കും ഈ ഉദ്യമത്തിന്റെ ഏറ്റവും വലിയ നേട്ടം. വാർഷിക സമ്മേളനങ്ങൾക്കും പതിവു ചടങ്ങുകൾക്കുമപ്പുറം എങ്ങനെ സാധാരണ പ്രവാസി സമൂഹത്തിലേക്ക് എത്തിച്ചെല്ലാം എന്നതിന്റെ വ്യക്തമായ പരിപാടി തീരുമാനിക്കാൻ ലോക കേരള സഭക്ക് സാധിക്കട്ടേ എന്ന് ആശംസിക്കുന്നു

കെ വരദരാജൻ

സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ലോക കേരള സഭ എന്ന ആശയത്തിന് തുടക്കം കുറിക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിലെ പുതിയ ഒരു അധ്യായം ആണ് രചിക്കപ്പെടുന്നത്. കേരളത്തിന്റെ സമ്പൂർണ വികസനത്തിന്റെ കേന്ദ്രബിന്ദുവായ പ്രവാസികളുടെ ജനാധിപത്യപരമായ ഇടപെടലിനും ,അവകാശ സംരക്ഷണത്തിനും,  പ്രശ്നപരിഹാരത്തിനുമായി ഒരു പൊതു വേദി എന്ന നിലയിൽ ആണ് ലോക കേരള സഭ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രവാസി ക്ഷേമ ഇടപെടലുകൾ എങ്ങനെ കൂടുതൽ കൂടുതൽ ജനകീയവും ഉപകാരപ്രദവുമാക്കാമെന്ന ആലോചനയുടെ സുപ്രധാന ഇടപെടൽ ആയി ലോക കേരള സഭ മാറും എന്ന് പ്രത്യാശിക്കുന്നു. 

 

ശ്രീ പി. ടി. കുഞ്ഞുമുഹമ്മദ്

വേരറ്റുപോയ സമൂഹത്തിന്‍റെ ഒരു പുതിയ നാവായാണ് ലോക കേരള സഭ ഉദയം കൊള്ളുന്നത്. കുടിയേറ്റം, മനുഷ്യ സമൂഹത്തെ നിരന്തരമായി മാറ്റുകയും പുതിയ ലോകത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു .ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച പ്രവാസം പുതിയ വഴികള്‍ അന്വേഷിക്കുകയാണ് ലോക കേരള സഭയിലൂടെ ചെയ്യുന്നത്. തീര്‍ച്ചയായും കേരളം ഈ ഉദ്യമത്തിൽ സന്തോഷിക്കുന്നു.

ശ്രീ ബെന്യാമിൻ

ജനാധിപത്യത്തിന്റെ ഒരു പുതിയ മാതൃകയാണ്‌ ലോക കേരള സഭയിലൂടെ നമ്മുടെ സംസ്ഥാനം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്‌. ഇതര ദേശങ്ങളിലേക്ക്‌ തൊഴിൽതേടിപ്പോയ അനേകലക്ഷം മലയാളികളുടെ ശബ്ദം കേൾക്കുവാൻ നമുക്ക്‌ ഒന്നേവരെ ഒരു ഔദ്യോഗിക വേദി ഉണ്ടായിരുന്നില്ല. ലോക കേരള സഭയിലൂടെ അത്‌ നാം സാധ്യമാക്കുകയാണ്‌.ലോക മലയാളിയെ സഹായിക്കുന്ന ഈ പുതിയ ജനാധിപത്യ മാതൃകയ്ക്ക്‌ എന്റെ എല്ലാവിധ ആശംസകളും.