Loka Kerala Sabha (LKS)

Platform for the cultural, socio-political and economic integration of non-resident Keralites

കുവൈറ്റ് ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം: മുഖ്യമന്ത്രി

കുവൈറ്റ് ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം: മുഖ്യമന്ത്രി

കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോകകേരള സഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുവൈറ്റ് സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാർ കുവൈറ്റുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സമയോചിത ഇടപെടൽ ഉണ്ടാവണം. ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അത് ഈടാക്കുന്ന കാര്യവും കുവൈറ്റ് സർക്കാർ പരിശോധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരേ മനസോടെ നീങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മംഗെഫിലെ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.

തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ നിശ്ചയിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിച്ചിട്ടുണ്ട്. അവർ ഇരുവരും ഈ സഭയുടെ അംഗങ്ങളാണ്. ലോക കേരളസഭയുടെ നാമത്തിൽ അവരോടുള്ള നന്ദി ഈ ഘട്ടത്തിൽ രേഖപ്പെടുത്തുന്നു. നോർക്ക മുഖേനയാണ് അവർ സഹായം ലഭ്യമാക്കുക. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതം സഹായം നൽകും എന്നാണ് അറിയുന്നത്. അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്‌ക്കും ഗ്ലോബൽ കോൺടാക്ട് സെന്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

norka roots

Loka Kerala Sabha Secretariat
6th Floor Norka Center,
Thycaud, Thiruvananthapuram,
Kerala 695014
1800 425 3939 | 0091 471 2770533
9446303339 | 9446423339
www.lokakeralasabha.com
lksnorka@gmail.com