ലോക കേരള സഭ

ലോക കേരള സഭയ്ക്ക് സമാപനം

Jan 13,2018

തൊഴില്‍ അന്വേഷകരെ സഹായിക്കാന്‍ വിദേശ പരിചയം ഉള്ളവരെ ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് നന്നായിരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രവാസി സഹായ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം. പ്രവാസികളിലേറെയും ജീവിക്കുന്നതിനായി മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോകകേരളസഭയുടെ സമാപന സമ്മേളനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

 

ലോകത്തെവിടെയാണെങ്കിലും മലയാളിക്കൊപ്പം ഈ നാടുണ്ട് എന്ന പ്രഖ്യാപനമായിരുന്നു ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി നാടിന്റെ ഒപ്പമുണ്ട് എന്ന് പ്രവാസികള്‍ പ്രഖ്യാപിച്ച വേദി കൂടിയായിരുന്നു ലോക കേരള സഭ എന്ന് അദ്ദേഹം പറഞ്ഞു. നിശാഗന്ധിയില്‍ നടന്ന ലോക കേരള സഭയുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഗവർണർ പി. സദാശിവം ലോകകേരളസഭയുടെ സമാപന സമ്മേളനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സങ്കല്‍പം ലോകത്തിന് മുമ്പേ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വികസനകാര്യങ്ങളില്‍ യോജിപ്പുണ്ടാക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ സമവായത്തിന്റെ തുടക്കമായി ലോക കേരള സഭയെ മാറുമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളില്‍ രാഷ്ട്രീയം മാറ്റിവെച്ചാണ് ലോകകേരള സഭയില്‍ സഹകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ.ടി. ജലീല്‍, മേയര്‍ വി. കെ. പ്രശാന്ത്, വിജയന്‍പിള്ള എം.എല്‍.എ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, കൗണ്‍സലര്‍ പാളയം രാജന്‍, രവിപിള്ള, ഡോ. അനിരുദ്ധന്‍, എന്നിവര്‍ പങ്കെടുത്തു. സഹകരണ-ടൂറിസം മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതവും നോര്‍ക്ക റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ നന്ദിയും പറഞ്ഞു.