ലോക കേരള സഭ

സാംസ്കാരിക പരിപാടികൾ


ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 12,13 തീയ്യതികളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിരുന്നെത്തുന്ന പ്രവാസി പ്രതിനിധികൾക്കും, പൊതു ജനങ്ങൾക്കുമായി കേരള സർക്കാരും നോർക്കയും സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ സർഗ്ഗാത്മക സംഘാടനത്തോടെ പുതുമയാർന്ന സാംസ്കാരിക ദൃശ്യവിരുന്നുകൾ ഒരുക്കുന്നു. 

 

ദൃശ്യാഷ്ടകം 

ജനുവരി 12 ന് വൈകുന്നേരം 6.30 ന് ശങ്കരനാരായണൻ തമ്പി മെമ്മോറിയൽ ലോഞ്ച് (നിയമസഭാങ്കണം) ദൃശ്യാഷ്ടകം എന്ന പേരിൽ പ്രതിനിധികൾക്കും, ക്ഷണിക്കപ്പെട്ടവർക്കുമായി സവിഷേതയാർന്ന ദൃശ്യ വിരുന്ന് അരങ്ങേറും. കേരളത്തിലെ എട്ടു ദിക്കുകളിലെ തനത് കലാരൂപങ്ങൾ, കാരിക്കേച്ചറിന്റെയും, നവമാധ്യമ സാധ്യതകളുടെ സമന്യയവും പല കഥാപാത്രങ്ങളായി എത്തുന്ന ജയരാജ് വാര്യരുടെ അവതരണവും ചേർന്നാണ് ദൃശ്യാഷ്ടകം അരങ്ങേറുക. 

പ്രവാസ മലയാളം 

ജനുവരി 13 ന് വൈകുന്നേരം 7 ന് പ്രവാസ മലയാളം എന്ന മൾട്ടിമീഡിയ ഫിനാലെ നിശാഗന്ധിയിൽ അരങ്ങേറും. ഇന്ത്യൻ ചലച്ചിത്രങ്ങളിലും കവിതയിലും നാടകത്തിലും സാഹിത്യ കൃതികളിലും വന്ന പ്രവാസ ജീവിതാനുഭവങ്ങളെ സംഗീതം, ചലച്ചിത്രം, രംഗകലകൾ, പെയിന്റിങ്, നവ സാങ്കേതിക സാധ്യതകൾ, എന്നിവയുമായി സമന്വയിപ്പിച്ചാണ് പ്രവാസ മലയാളം രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 

പുസ്തക പ്രദർശനം 

സാഹിത്യലോകത്ത് പ്രവാസികളുടെ സംഭാവനകൾ വിളിച്ചോതുന്ന സാഹിത്യ രചനകളും മറ്റു പുസ്തകങ്ങളും ഉൾപ്പെടുത്തിയുള്ള പ്രദർശനം. കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ടും ബുക്ക് മാർക്കും ചേർന്നാണ് ഒരുക്കുന്നത്.

സ്ഥലം: കനകക്കുന്ന് കൊട്ടാരം, തിരുവനന്തപുരം.

ലോക കേരള സഭ സാംസ്കാരികോത്സവത്തിന്റെ രൂപകൽപ്പനയും, സാക്ഷാത്കാരവും, ഒരുക്കുന്നത് നാടക- ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ ആണ്.